District News
കൊട്ടാരക്കര: തുക അനുവദിച്ചിട്ടും വൈദ്യുതി ബോർഡിന്റെ കൊട്ടാരക്കര വെസ്റ്റ് സെക്ഷൻ ഓഫീസിന്റെ നിർമാണം തുടങ്ങിയില്ല. ഭൂമി കാട് മൂടി നാടിന് തലവേദനയാകുകയാണ്. റെയിൽവേ സ്റ്റേഷൻ റോഡിൽ വില്ലേജ് ഓഫീസിനുനേരെ എതിർവശത്തായിട്ടാണ് കാട് മൂടിയ ഭൂമി.
ഇവിടെ 25 സെന്റ് ഭൂമിയുണ്ട്. പതിറ്റാണ്ടുകൾക്കുമുൻപ് വൈദ്യുതി ഭവൻ പ്രവർത്തിച്ചിരുന്ന സ്ഥലമാണ്.
എന്നാൽ ഭൂമിയെച്ചൊല്ലി റവന്യൂ വകുപ്പും വൈദ്യുതി ബോർഡും തമ്മിൽ അവകാശ തർക്കം നിലനിന്നിരുന്നു. കോടതി വിധിയിലൂടെയാണ് വൈദ്യുതി ബോർഡ് ഭൂമി സ്വന്തം പേരിലാക്കിയത്. തുടർന്ന് കെട്ടിടം നിർമിക്കാൻ പദ്ധതി തയാറാക്കിയെങ്കിലും ഫയലിന് ഇതുവരെ ജീവൻ വച്ചിട്ടില്ല.
നിലവിൽ കൊട്ടാരക്കര വൈദ്യുതി ഭവനിലാണ് വെസ്റ്റ് സെക്ഷൻ ഓഫീസ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം നിർമിക്കാനായി 87 ലക്ഷം രൂപ അനുവദിച്ചിട്ട് ഏറെക്കാലമായി. എന്നാൽ നടപടിക്രമങ്ങൾ നീണ്ടുപോവുകയാണ്.ഈ ഭൂമി ഇഴജന്തുക്കളുടെ താവളമായും മാറിയിട്ടുണ്ട്.
District News
ചാത്തന്നൂർ: വൈദ്യുതി ബോർഡിൽ ശമ്പളപരിഷ്കരണം എത്രയും വേഗം നടപ്പിലാക്കണമെന്നു ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.പി. ഗോപകുമാർ. ഫെഡറേഷൻ ചാത്തന്നൂർ ഡിവിഷൻ ജനറൽബോഡി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.ദിലീപ് കുമാർ, എഐടിയുസി ജില്ലാസെക്രട്ടറി എൻ.രവീന്ദ്രൻ, ഫെഡറേഷൻ സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അശ്വതി, സംസ്ഥാന ട്രഷറർ ഒ.ഫിലിപ്പോസ്,ജില്ലാ സെക്രട്ടറി പ്രദീപ്കുമാർ, ജില്ലാ പ്രസിഡന്റ് ദിലീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറിയായി സുനിൽകുമാറിനെയും പ്രസിഡന്റായി ജി. സുരേഷിനെയും തെരഞ്ഞെടുത്തു.
District News
അറക്കുളം: വൈദ്യുതി ബിൽ കുടിശികയായെന്ന കാരണത്താൽ വീട്ടിലേക്കുള്ള കണക്ഷന്റെ സർവീസ് വയർ മുറിച്ചുനീക്കി വൈദ്യുതി ബോർഡ്. അറക്കുളം നേര്യംപറന്പിൽ ജോസ് മാത്യുവിന്റെ വീട്ടിലെ കണക്ഷനാണ് മുറിച്ചു നീക്കിയത്. വൈദ്യുതിയില്ലാതെ വന്നതിനെത്തുടർന്നു അന്വേഷിച്ചപ്പോഴാണ് തന്റെ വീട്ടിലെ കണക്ഷൻ മുറിച്ചുമാറ്റിയതായി ഇദ്ദേഹം തിരിച്ചറിഞ്ഞത്.
കെഎസ്ഇ ബി ഓഫീസിൽ വിവരം അറിയിച്ചപ്പോൾ എത്താമെന്ന് പറഞ്ഞതല്ലാതെ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ല. വീണ്ടും വിളിച്ചപ്പോൾ വൈദ്യുതിബിൽ കുടിശികയുള്ളതിനാലാണ് കണക്ഷൻ വിച്ഛേദിച്ചതെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ വർഷങ്ങളായി അഡ്വാൻസ് തുക അടയ്ക്കുന്ന പതിവായിരുന്നു ഇദ്ദേഹത്തിന്റേത്. വിദേശത്തും ബാംഗളൂരിലും മറ്റുമായി ജോലി ചെയ്യുന്ന ജോസ് പലപ്പോഴും നാട്ടിൽ ഇല്ലാത്തതിനാൽ കൂടുതൽ തുക അഡ്വാൻസായി നൽകുകയായിരുന്നു പതിവ്.
തുക റീചാർജ് ചെയ്യണമെങ്കിൽ അറിയിക്കണമെന്ന് പറഞ്ഞിരുന്നതായും ജോസ് പറഞ്ഞു. ഇതിനിടെ കുടിശിക തുകയായ 1,032 രൂപ ഓണ്ലൈൻ വഴി അടയ്ക്കുകയും ഇതിന്റെ സ്ക്രീൻഷോട്ട് എഇയ്ക്ക് അയച്ചു നൽകുകയും ചെയ്തു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും കണക്ഷൻ പുനഃസ്ഥാപിച്ചില്ല. ഇതേത്തുടർന്നു എക്സിക്യൂട്ടീവ് എൻജിനിയറെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു. എന്നാൽ അദ്ദേഹം തന്റെ ഫോണ് ബ്ലോക്ക് ചെയ്യുകയായിരുന്നു.
വകുപ്പ് മന്ത്രിയെ വിളിച്ചറിയിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമാകാത്തതിനെത്തുടർന്നു രാത്രി 10.30 ഓടെ കെഎസ്ഇബി സിഎംഡി മിൻഹാജിനെ വിളിച്ചു. ഇതേത്തുടർന്നു രാത്രി 11-ഓടെ ജീവനക്കാരെത്തി കണക്ഷൻ പുനഃസ്ഥാപിച്ചു. ജോസ് മാത്യു വെദ്യുതി ബോർഡിന്റെ നടപടിക്കെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ്.